Sports

ഇന്ത്യന്‍ ജേഴ്‌സിയില്‍ നിരാശപ്പെടുത്തി സഞ്ജു! ബംഗ്ലാദേശിനെതിരെ സന്നാഹത്തില്‍ നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം

Spread the love

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണറായെത്തിയ സഞ്ജു ആറ് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സുമായി മടങ്ങി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സഞ്ജു. എന്നാല്‍ ഔട്ടല്ലെന്നുള്ള വാദവും നിലനില്‍ക്കുന്നു. പന്ത് ലെഗ് സറ്റംപിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ അംപയര്‍ പോള്‍ റീഫല്‍ മറ്റൊന്നുമാലോചിക്കാതെ പെട്ടന്ന് തന്നെ ഔട്ട് വിളിക്കുകയും ചെയ്തു. സന്നാഹ മത്സരം ആയതിനാല്‍ റിവ്യൂ സംവിധാനവുമില്ല. സഞ്ജുവിന് മടങ്ങേണ്ടി വന്നു. സഞ്ജു മടങ്ങുമ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20), റിഷഭ് പന്ത് (27) എന്നിവരാണ് ക്രീസില്‍. ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയില്‍ മത്സരം കാണാനാകും. ടി20 ലോകകപ്പ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യയില്‍ ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്നത്തെ മത്സരവും സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാം. മൊബൈലില്‍ ഡിസ്നി ഹോട്സ്റ്റാറിലും മത്സരം കാണാനാവും.

ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.