പൂനെയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ കൊന്ന കേസ്; പതിനേഴുകാരന്റെ മാതാവ് അറസ്റ്റിൽ
പൂനെയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ കൊന്ന കേസിൽ പ്രതിയായ പതിനേഴുകാരന്റെ മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ശിവാനി അഗർവാളാണ് ഒളിവ് ജീവിതത്തിനിടെ പൊലീസ് പിടിയിലായത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത് പവാർ നിഷേധിച്ചു.
പ്രതിയായ 17കാരനെ വൈദ്യ പരിശോധനയ്ക്കായി പൂനെയിലെ സസൂൺ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ ശിവാനിയും ഉണ്ടായിരുന്നു. പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടിയിലെറിഞ്ഞ ഡോക്ടർ പകരം പരിശോധനയ്ക്ക് അയച്ചത് അമ്മയുടെ രക്തം ആയിരുന്നു. ഇതിന് കൈക്കൂലിയായി ഡോക്ർമാർ കൈപറ്റിയത് 3 ലക്ഷം രൂപയാണ്. ഒത്തുകളിച്ച ഡോക്ടർമാർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് ആഢംബര കാർ ഒടിക്കാൻ നൽകിയതിന് ശിവാനിയുടെ ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്.
കുടുംബ ഡ്രൈവറെ കുറ്റമേൽക്കാൻ ഭീഷണിപ്പെടുത്തിയതിന് ഭർത്താവിന്റെ അച്ഛനും പിടിയിലായി. അതേസമയം സംഭവത്തിൽ പ്രതിക്ക് അനുകൂലമായി പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത് പവാർ തള്ളി. തന്റെ പാർട്ടിക്കാരനായ എംഎൽഎ പൊലീസ് സ്റ്റേഷനിൽ സംഭവ ദിനം പോയത് കാര്യങ്ങൾ അന്വേഷിക്കാൻ മാത്രമാണെന്നും അജിത് പറഞ്ഞു.