ബിജെപിക്ക് 303 സീറ്റ് കിട്ടുമെന്ന പ്രവചനം ആവർത്തിച്ച് പ്രശാന്ത് കിഷോർ
എക്സിറ്റ് പോൾ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എൻഡിഎക്ക് 303 സീറ്റ് ലഭിക്കുമെന്ന തൻ്റെ പ്രവചനം ആവർത്തിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. ജൂൺ ഒന്നിന് വൈകിട്ട് ആറരയ്ക്കാണ് എക്സിറ്റ് പോൾ ഫലം വരുന്നത്.
2019ൽ ലഭിച്ചതിലും ചെറിയ വ്യത്യാസം മാത്രമായിരിക്കും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടാവുക. കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബിജെപിക്ക് പിന്തുണ ലഭിച്ചു. ദക്ഷിണേന്ത്യൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടാകും. ബിജെപി സർക്കാരിനെതിരെയോ മോദിക്കെതിരെയോ കാര്യമായ ജനവിരുദ്ധവികാരം ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ മറ്റൊരു സർക്കാരിനെ ജനം അധികാരത്തിലേറ്റുമെന്ന് തോന്നുന്നില്ല. ഇക്കാരണങ്ങളാൽ മോദി നയിക്കുന്ന ബിജെപി സഖ്യം തിരികെ അധികാരത്തിൽ വരുമെന്നുതന്നെയാണ് തനിക്ക് തോന്നുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഏപ്രിൽ 19 മുതൽ ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങൾ പിന്നിട്ട് ഇന്ന് അവസാനിക്കും. ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ഇന്ന് വൈകിട്ട് ആറരയ്ക്ക് ശേഷമായിരിക്കും വാർത്താമാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നത്.