പുരാവസ്തു കേസ്; പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ ആർ റസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. റസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്‌റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് പരാതിയിൽ പറയുന്നത്. പണം നൽകിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോൾ ഫോൺ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്.