National

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല

Spread the love

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് അറിയിപ്പ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. നാളെയാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. പ്രതിപക്ഷത്തെ പാര്‍ട്ടികൾ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന് അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം 400 സീറ്റോടെ അധികാരം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനത്തിലാണ്. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരിക. നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനങ്ങൾ പുറത്തുവരും.