Kerala

നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല; പേ വിഷബാധയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

Spread the love

ഹരിപ്പാട് പേ വിഷബാധയേറ്റു എട്ടു വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ‌ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. നായ ആക്രമിച്ചുയെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ലെന്ന് കുടുംബം പറയുന്നു.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ താഴ്ഭാഗത്ത് ഒരു പാടുണ്ടായിരുന്നു. ഇത് നായ ആക്രമിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കല്ല് കൊണ്ടാതായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. വേണ്ട ചികിത്സയോ പരിചരണമോ കുട്ടിക്ക് ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. വേദന സംഹാരി ​ഗുളിക നൽകി കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു.

ഏപ്രിൽ 21നാണ് സംഭവം ഉണ്ടായത്. വീടിന്റെ മുന്നിൽ വെച്ച് സഹോദരിയെ നായ ആക്രമിക്കാൻ എത്തിയപ്പോൾ അതിനെ പ്രതിരോധിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസുകാരനായ ദേവനാരായണനെ നായ ആക്രമിച്ചത്. പരുക്കേറ്റ ദേവനാരായണനെ അന്ന് തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ പരിശോധിക്കാതെ വിടുകയായിരുന്നു.

പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോട് കൂടിയാണ് മരിച്ചത്.