Wayanad

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ട് 125 ദിവസം; ഇടപെടാതെ വനം, ടൂറിസം വകുപ്പുകൾ

Spread the love

വയനാട്: വന്യമൃഗ ശല്യത്തെ തുടർന്ന് മൂന്ന് മാസമായി അടഞ്ഞു കിടക്കുന്ന വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഇടപെടൽ നടത്താതെ വനം, ടൂറിസം വകുപ്പുകൾ. പ്രശ്ന പരിഹാരത്തിന് മന്ത്രിതല ചർച്ചപോലും ഉണ്ടായില്ലെന്നാണ് വിമർശനം. മധ്യവേനലവധിയിൽ പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും സഞ്ചാരികൾ ചുരംകയറാതെ വന്നതോടെ, വയനാട്ടിലെ ആശ്രയ മേഖലയുടെയും നടുവൊടിഞ്ഞു.

മധ്യവേനലവധി വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തേണ്ട കാലമായിരുന്നു. ഫെബ്രുവരി 16ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതോടെ ആളൊഴുക്ക് നിലച്ചു. കാട്ടാന ശല്യത്തിൽ വയനാട്ടിൽ തുടരെ മൂന്ന് ജീവനുകള്‍ നഷ്ടമായതിന് പിന്നാലെയായിരുന്നു അടച്ചിടൽ.

വാഹനങ്ങള്‍ തിങ്ങിനിറയേണ്ട പാർക്കിംഗ് ഗ്രൌണ്ടുകള്‍ കാലിയാണ്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന കടകള്‍ക്ക് താഴുവീണു. പ്രളയവും കോവിഡും അതിജീവിച്ച് പതിയെ മെച്ചപ്പെട്ടു വന്നിരുന്ന വയനാടൻ വിനോദസഞ്ചാരം വീണ്ടും കഷ്ടത്തിലായിരിക്കുകയാണ്.