World

റഫാ ആക്രമണം; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ

Spread the love

മെക്സിക്കോ: മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ. റഫാ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംബസിക്ക് നേരെ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ കുപ്പി ബോംബുകൾ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

അക്രമ സംഭവങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ നിലപാടിനെതിരായി മെക്സിക്കോ ചൊവ്വാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ നിരത്തുകളിലേക്ക് എത്തിയത്. റഫയിലെ അഭയാർത്ഥി ക്യാപിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ സജീവമാവുകയാണ്.

ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് വെളിയിൽ തിങ്കളാഴ്ച പ്രതിഷേധമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് റഫായിലെ അഭയാർത്ഥി ക്യാംപിലേക്ക് ഇസ്രയേൽ ബോംബിട്ടത്. അൻപതിലേറെ പേരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറിയ പങ്കും സ്ത്രീകളും വയോധികരുമാണെന്നാണ് പുറത്ത് വരുന്ന വിവരം. റഫായിലെ അഭയാർത്ഥി ക്യാംപ് ആക്രമണത്തിനെതിരെ ഫ്രാൻസും സ്പെയിനും അടക്കമുള്ള രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.