രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് ഓഫീസർ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്.
ഈ മാസം 17 നും 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ശരീരത്തിൽ കയറിപ്പിടിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. എതിർത്തിട്ടും ഉദ്യോഗസ്ഥൻ വീണ്ടും ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു. ആളില്ലാത്ത സമയത്ത് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അതിക്രമണമെന്ന് യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തിൽ പരാതിക്കാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തി. സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ജോലിയിൽ മാറ്റി നിർത്താൻ അക്കാദമി ഡയറക്ടർ ഉത്തരവിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.