Wednesday, January 22, 2025
National

‘ഇത് ദൈവം നല്‍കിയത്’; ഉഡുപ്പി മുന്‍ എംഎല്‍എയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയതിനെ പരിഹസിച്ച് ഹിജാബ് സമരത്തിലെ പെണ്‍കുട്ടി

Spread the love

ഉഡുപ്പി മുന്‍ എംഎല്‍എയായ രഘുപതി ഭട്ടിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഹിജാബ് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍. ഹിജാബ് വിവാദത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ ഗവണ്‍മെന്റ് പി.യു കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളാണ് എക്‌സിലൂടെ രഘുപതിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. ദൈവം അവന്റെ ഇഷ്ടം നിറവേറ്റുമെന്നാണ് അലിയ ആസാദി എന്ന പെണ്‍കുട്ടി എക്‌സില്‍ കുറിച്ചത്.

പാര്‍ട്ടിയ്‌ക്കെതിരെ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ബിജെപി രഘുപതി ഭട്ടിനെ പുറത്താക്കിയത്. നിയമനിര്‍മാണ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പത്രിക നല്‍കിയതിന് പിന്നാലെയാണ് ബിജെപി ഭട്ടിനെതിരെ നടപടിയെടുത്തത്. ആറ് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

പരീക്ഷയ്ക്ക് വെറും 60 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ മാത്രം എന്നെ കോളജില്‍ നിന്ന് പുറത്താക്കിയത്. നിങ്ങളുടെ പാര്‍ട്ടി അത് ആഘോഷിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോള്‍ ഉഡുപ്പിയില്‍ തന്നെ നിങ്ങളുടെ പാര്‍ട്ടി നിങ്ങളെ പുറത്താക്കുന്നത് ഞാന്‍ കണ്ടു. അന്ന് ഞാന്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു. നിങ്ങളോ പാര്‍ട്ടിയിലെ ഒരു പ്രധാന സ്ഥാനത്തായിരുന്നു. എന്നാലിപ്പോള്‍ ഞാനൊരു നിയമ വിദ്യാര്‍ത്ഥിനിയാണ്. നിങ്ങളോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളും. ദൈവം അവന്റെ ഇഷ്ടം നിറവേറ്റുക തന്നെ ചെയ്യും. പെണ്‍കുട്ടി എക്‌സില്‍ കുറിച്ചു. 2021 ഡിസംബറിലാണ് ഹിജാബ് വിവാദം നടക്കുന്നത്. ഉഡുപ്പിയിലെ കോളജിലെ ഹിജാബ് നിരോധനത്തിനെതിരെയാണ് രാജ്യശ്രദ്ധയാകര്‍ഷിച്ച പതിഷേധമുണ്ടായത്. അന്ന് ഹിജാബ് നിരോധനത്തെ പിന്തുണയ്ക്കുകാണ് രഘുപതി ഭട്ട് ചെയ്തത്.