National

പാക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം; ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം വരെ മാത്രമേ പഞ്ചസാരയില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളു

Spread the love

പാക്ക് ചെയ്ത ഭക്ഷണങ്ങളിലും പാനീയങ്ങളിലും പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. ഇതിനെതിരെ കമ്പനികള്‍ രംഗത്ത് വന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എന്‍ ഐ എച്ച്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്‍ഐഎച്ച് മാര്‍ഗ നിര്‍ദേശം പരിഷ്‌കരിക്കുന്നത്. ശീതള പാനീയങ്ങള്‍ , ജ്യൂസുകള്‍, ബിസ്‌ക്കറ്റുകള്‍, ഐസ്‌ക്രീം തുടങ്ങിയവക്കൊക്കെ മാര്‍ഗ നിര്‍ദേശം ബാധകമാകും.

കര്‍ശനമായി നടപ്പാക്കിയാല്‍ വിപണിയിലുള്ള മിക്കവാറും ഉല്‍പ്പന്നനങ്ങളുടെയും ചേരുവകളില്‍ മാറ്റം വരുത്തേണ്ടി വരും. ഉയര്‍ന്ന തോതില്‍ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുള്ള പ്രോസെസ്സഡ് ഭക്ഷണങ്ങള്‍ കുറക്കേണ്ടതാണെന്നുള്ള അറിവുണ്ടെങ്കിലും ഓരോന്നിന്റെയും കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല.

കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന പൊണ്ണത്തടിയും പ്രമേഹവും ഉത്പന്നങ്ങളിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൊണ്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുലകളില്‍ വരെ വലിയ തോതില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളത് ഈ വര്‍ഷം വാര്‍ത്തയായി.

ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ഖര ഉത്പന്നങ്ങളില്‍ ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം വരെ മാത്രമേ പഞ്ചസാരയില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളു. പാനീയങ്ങളില്‍ ഇത് മുപ്പത് ശതമാനമാണ്. നിര്‍ദേശങ്ങള്‍ക്കെതിരെ പത്തു ദിവസത്തിനുള്ളില്‍ കമ്പനികള്‍ സംയുക്തമായി ഐസിഎംആറിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.