National

കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിപ് ടാങ്കില്‍ നിന്ന് കണ്ടെത്തി

Spread the love

ബംഗ്ലാദേശ് എംപി കൊല്‍ക്കത്തയില്‍ വെച്ച് കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിമിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ എംപി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മാംസക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ അന്‍വാറുള്‍ അസിമിന്റെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ധാക്ക പൊലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെ സഞ്ജീവ ഗാര്‍ഡന്‍സിലെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്. കഷ്ണങ്ങളായി നുറുക്കിയ നിലയിലായിരുന്നു ഇവയെന്ന് ധാക്ക പൊലീസ് കമ്മിഷണര്‍ ഹബീബുര്‍ റഹ്‌മാന്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ഭരണകക്ഷി അവാമി ലീഗ് എം.പിയായിരുന്ന അന്‍വാറുള്‍ അസിം ചികിത്സയ്ക്കായാണ് മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയത്. ബാരാനഗറിലെ മണ്ഡോല്‍പുര ലെയിനില്‍ താമസിക്കുന്ന സുഹൃത്ത് ഗോപാല്‍ ബിശ്വാസിനെ കാണാനാണ് ഇദ്ദേഹം ആദ്യം പോയത്. സ്വര്‍ണ വ്യാപാരിയാണ് ഗോപാല്‍ ബിശ്വാസ്. മെയ് 13 ന് ഗോപാല്‍ ബിശ്വാസിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹം താമസിക്കാന്‍ വാടകക്കെടുത്ത ന്യൂ ടൗണ്‍ ഫ്‌ലാറ്റിലേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കള്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ധാക്കയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഗോപാല്‍ ബിശ്വാസ് കൊല്‍ക്കത്തയിലും ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ മൂന്ന് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ കശാപ്പുകാരനാണ്. എംപിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ശരീരത്തിലെ തൊലി പ്രതികള്‍ ഉരിഞ്ഞതായും പൊലീസ് പറഞ്ഞു.