‘കഴിവിനെ അംഗീകരിക്കുന്നു, പക്ഷേ അച്ചടക്കം പ്രധാനമാണ്’ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാൻ
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടി ഇന്ത്യയുടെ യശസുയർത്തിയ സംവിധായിക പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാൻ. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി ഗജേന്ദ്ര ചൗഹാൻ സേവനമനുഷ്ഠിച്ചിരുന്നു.
2015ൽ ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനായി നിയമിച്ചതിനെ എതിർത്തതിന് പായൽ അച്ചടക്ക നടപടി നേരിട്ടിരുന്നു. ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നതാണ് പായലിനെതിരേ കേസെടുക്കാൻ കാരണം. എന്നാൽ ഇപ്പോൾ കാൻ ചലച്ചിത്രോത്സവത്തിലെ നേട്ടത്തിൽ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാൻ രംഗത്തെത്തി.
“ഞങ്ങൾ എല്ലാവരും അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. അവളുടെ നേട്ടത്തിന് അവളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2015-ൽ എഫ്‌ടിഐഐ ചെയർമാനായി നിയമിച്ചതിനെതിരെ പായലിൻ്റെ എതിർപ്പിനെക്കുറിച്ചും അദ്ദേഹം ടൈംസ് നൗവിനോട് സംസാരിച്ചു. കഴിവുള്ളവരും അച്ചടക്കമുള്ളവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കഴിവിനെ അംഗീകരിക്കുന്നു, പക്ഷേ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി
2015ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രതിഷേധത്തിനിടെ 35 ഓളം വിദ്യാർത്ഥികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പായൽ കപാഡിയയുടെ പേരുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്നും ചൗഹാൻ പറഞ്ഞു. 2015-ൽ പായൽ കപാഡിയയും മറ്റ് വിദ്യാർത്ഥികളും ചൗഹാൻ്റെ യോഗ്യതയെ വെല്ലുവിളിക്കുകയും എഫ്ടിഐഐ ചെയർമാനായി നിയമിച്ചതിനെതിരെ 139 ദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി കപാഡിയ ക്ലാസുകൾ ബഹിഷ്കരിച്ചു. അതിൻ്റെ ഫലമായി ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പ് റദ്ദാക്കിയിരുന്നു.