Kerala

ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

Spread the love

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയാണ് കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. നാളെ പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ മോശമായതിനാൽ കേരള ലക്ഷദ്വീപീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കടലാക്രമണം രൂക്ഷമായാൽ അധികൃതരുടെ നിർദ്ദേശപ്രകാരം മാറി താമസിക്കണം എന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.