Kerala

കെഎസ്‌യു ക്യാമ്പിലെ അടിപിടി; തര്‍ക്കം കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ലഘൂകരിച്ച് പ്രതിപക്ഷ നേതാവ്

Spread the love

കെ.എസ്.യു ക്യാമ്പിലെ തര്‍ക്കം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളിലും സജീവ ചര്‍ച്ചയാകുമ്പോള്‍ പ്രശ്‌നത്തെ ലഘൂകരിച്ച് പ്രതിപക്ഷ നേതാവ്. ക്യാമ്പിലെ വീഴ്ചയില്‍ കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത നടപടിക്ക് കെ.പി.സി.സി ഒരുങ്ങുമ്പോഴാണ് തര്‍ക്കം കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് വി ഡി സതീശന്‍ പ്രതികരിക്കുന്നത്.

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്ന കെ.എസ്.യുവിന്റെ പഠന ക്യാമ്പിലെ സംഘര്‍ഷം മാതൃ സംഘടനയായ കോണ്‍ഗ്രസും ഗൗരവത്തോടെയാണ് കാണുന്നത്. ക്യാമ്പില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടിക്കാണ് നീക്കം. സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണവും തേടും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്ക് ക്യാമ്പ് നടത്തിപ്പിലും, ഉണ്ടായ സംഘര്‍ഷത്തിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. സംഘര്‍ഷം നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന പ്രാഥമിക റിപ്പോര്‍ട്ട് കെ.പി.സി.സി ഗൗരവത്തോടെയാണ് കാണുന്നത്. കെ.പി.സി.സി അധ്യക്ഷനെയോ കെ.പി.സി.സി നേതൃത്വത്തെയോ ക്യാമ്പ് അറിയിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കണ്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

സംഘര്‍ഷം എന്‍ എസ് യുവും കെഎസ്യുവും അന്വേഷിക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കെ.പി.സി.സി നേതൃത്വത്തില്‍ പലര്‍ക്കും സംഘര്‍ഷത്തില്‍ വലിയ അതൃപ്തിയുണ്ട്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയില്‍ ആകെ അഴിച്ചു പണി വേണമെന്ന ആവശ്യവും ശക്തമാണ്.