Kerala

മൂന്നാറിൽ പടയപ്പ വിളയാട്ടം; വാഹനങ്ങൾക്ക്‌ നേരെ പാഞ്ഞടുത്തു, തലനാരിഴയ്‌ക്ക്‌ രക്ഷപ്പെടൽ

Spread the love

മൂന്നാർ > മൂന്നാറിൽ റോഡിലിറങ്ങി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്‌ തുടർന്ന്‌ കാട്ടാന പടയപ്പ. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വച്ച് പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. രണ്ട്‌ വാഹനങ്ങള്‍ക്കും ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തി. കോന്നിയിയില്‍ നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍പ്പെട്ടത്.
ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. പടയപ്പ നേരെ വന്നതോടെ വാഹനത്തില്‍നിന്ന് ഇറങ്ങി. യുവാക്കള്‍ ആനയെ മടക്കി അയക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുത്തു. യുവാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് മടങ്ങി.

ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും ചെറിയ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.