Gulf

92 ദിവസം പ്രസവ അവധി; ഒമാനിൽ പുതിയ നിയമം ജൂലൈ 19 മുതൽ

Spread the love

മസ്കറ്റ് : സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി 92 ദിവസത്തെ പ്രസവ അവധി നടപ്പാക്കികൊണ്ടുള്ള പുതിയ നിയമം ജൂലൈ 19 മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം ഏഴു ദിവസത്തെ പിതൃത്വ അവധിയും ലഭിക്കും. ഒമാനി, ഒമാനി ഇതര ജീവനക്കാർക്കുമായി സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്പിഎഫ്) നടപ്പാക്കുന്ന പ്രസവാവധി ഇൻഷുറൻസും ജൂലൈ 19 മുതൽ നിലവിൽ വരും.

എല്ലാ ജനങ്ങളുടെയും ക്ഷേമവും സാമൂഹിക പരിരക്ഷയും ഉറപ്പാക്കുകയെന്ന ഒമാൻ വിഷൻ 2040 നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങൾ നിലവിൽ വരുന്നത്. ഇതുവഴി തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആകർഷകമാക്കുന്നതിനും ലക്ഷ്യമിടുന്നു.

പുതിയ നിയമപ്രകാരം സ്ത്രീകൾക്ക് 98 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ടായിരിക്കും. പ്രസവ തീയതിക്ക് 14 ദിവസം മുമ്പ് വരെ അവധി എടുക്കാനുള്ള അവസരമുണ്ടാകും. കുട്ടിയുടെ ജനന ശേഷം പുരുഷന്മാർക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധിക്കും അർഹതയുണ്ടാകും. കുട്ടി ജനിച്ച് 98 ദിവസത്തിനുള്ളിൽ ഈ അവധി എടുത്തിരിക്കണം. ജീവനക്കാരന്റെ സേവന കാലയളവിൽ ഈ അവധിയും ഉൾപ്പെടുത്തും.

പ്രസവാവധി സമയത്ത് സ്ത്രീകളെ ജോലിയിൽ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളെ നിയമം വിലക്കുന്നു. ഇൻഷ്വർ ചെയ്ത ഒരു സ്ത്രീ തന്റെ ജോലി മാറുകയാണെങ്കിൽ, അതിനു തൊട്ടുമുൻപുള്ള അവസാന വേതനത്തെ അടിസ്ഥാനമാക്കി പ്രസവാവധി അലവൻസ് ലഭിക്കുന്നത് തുടരും.

സാമൂഹ്യ സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 128 പ്രകാരം തൊഴിലുടമകൾ പ്രതിമാസ വേതനത്തിന്റെ ഒരു ശതമാനം പ്രസവാവധി ഇൻഷുറൻസിലേക്ക് സംഭാവന ചെയ്യണമെന്ന് എസ് പി എഫി ലെ മെറ്റേണിറ്റി ലീവ് ബെനിഫിറ്റ് അലവൻസ് പ്രോജക്ട് ഡയറക്ടർ ഹുദാ അൽ ജർദാനിയ വ്യക്‌തമാക്കി.
ഒമാനിൽ ജോലി ചെയ്യുന്ന എല്ലാ ഒമാനി പൗരന്മാർക്കും, കൗൺസിൽ നിശ്ചയിക്കുന്ന നിർദ്ദിഷ്ട വിഭാഗങ്ങളിലെ ഒമാനി ഇതര ജീവനക്കാർക്കും ഈ വ്യവസ്ഥ ബാധകമാണ്.

എന്നാൽ സ്വയം തൊഴിൽ ചെയ്യുന്ന ഒമാനി പൗരന്മാർ, പാർട്ട് ടൈം ജീവനക്കാർ, ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒമാനികൾ, വിദേശത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ വ്യവസ്ഥകൾ ബാധകമല്ല. പ്രസവാവധിയിലുള്ള സ്ത്രീകൾക്ക് അവരുടെ ശമ്പളത്തിന്റെ 100 ശതമാനം ലീവ് കാലയളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സാമൂഹിക പരിരക്ഷ നൽകാനാണ് മെറ്റേണിറ്റി ലീവ് ഇൻഷുറൻസ് ലക്ഷ്യമിടുന്നത്.