‘മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്, ക്ഷണക്കത്തിൽ മദ്യനയമാറ്റമാണ് അജണ്ട’; ടൂറിസം ഡയറക്ടര്‍
മദ്യനയവുമായി ബന്ധപ്പെട്ട പ്രത്യേക യോഗമല്ല ചേർന്നതെന്ന് ടൂറിസം ഡയറക്ടർ. യോഗം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെ മീറ്റിങ്ങുകൾ ഇടവേളകളിൽ ചേരാറുണ്ട്. അത്തരത്തിലുള്ള യോഗമാണ് ചേർന്നതെന്നും ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സൂം വഴിയാണ് യോഗം ചേർന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരടക്കം ഏഴ് മേഖലകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ,MICE ടൂറിസത്തിന് നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ
ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല.
ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ല എന്നും ടൂറിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.