National

മോദി താമസിച്ച ഹോട്ടൽ ബിൽ വിവാദം: നിയമ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ, രമ്യമായി പരിഹരിക്കുമെന്ന് മന്ത്രി

Spread the love

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. എന്നാൽ വിഷയം രമ്യമമായി പരിഹരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. ബില്ലടക്കാൻ വൈകിയതിനാൽ 18% പലിശ സഹിതം 12.09 ലക്ഷം രൂപ നൽകണമെന്നാണ് ഹോട്ടലിന്റെ നിലപാട്. ജൂൺ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടതിൻ്റെ ആഘോഷ പരിപാടികൾക്കാണ് മോദി മൈസൂരിലെത്തിയത്. വനംവകുപ്പിനായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. ‌ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം. മോദിയുടെ സന്ദർശനമുൾപ്പെടെ മൂന്ന് കോടി രൂപയാണ് പരിപാടിക്ക് ബജറ്റ് തീരുമാനിച്ചത്.

എന്നാൽ, 6.33 കോടി രൂപ ചെലവായി. ഇതിൽ 3 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ബാക്കി തുക ലഭിക്കാനായി പലതവണ കത്തയച്ചെങ്കിലും ഹോട്ടൽ ബിൽ സംസ്ഥാനം വഹിക്കണമെന്ന് എൻടിസിഎ അറിയിക്കുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ പറയുന്നു. പരിപാടിയുടെ പൂർണ ഉത്തരവാദിത്തം എൻടിസിഎക്കായിരുവെന്ന് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു.