Kerala

പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ട’; പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാരിന്റെ മുന്നറിയിപ്പ്

Spread the love

പെരിയാറിലെ മത്സ്യക്കുരുതിയിൽ വകുപ്പുകൾക്ക് മുന്നറിയിപ്പുമായി സർക്കാർ. പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ടെന്ന് സർക്കാർ നിർദേശം. വസ്തുതകൾ മാത്രം നൽകാനും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാനും നിർദേശം നൽകി. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡും ഇറിഗേഷൻ വകുപ്പും പരസ്പരം പഴിചാരി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് നൽകിയത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ ഇറിഗേഷൻ വകുപ്പാണ് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്. എന്നാൽ മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ന്യായീകരണം.

അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിനെ (പിസിബി) തള്ളി കുഫോസ് റിപ്പോർട്ട് നൽകി. പെരിയാറിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോർട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈൻസ് മറൈൻ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.