ആരടിക്കും 17-ാം കപ്പ്; ഐപിഎല്ലില്‍ ഇന്ന് കലാശപോര്
ഐപിഎല്‍ പതിനേഴാം സീസണിലെ ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും 2016-ലെ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലാണ് കലാശപോര്. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഐപിഎല്ലിലെ ആദ്യമത്സരം നടന്ന സ്‌റ്റേഡിയത്തില്‍ തന്നെയാണ് കലാശപ്പോരാട്ടവും. കരുത്തുറ്റ ബാറ്റിങ് നിരയുള്ള രണ്ട് ടീമുകളുടെ മത്സരമായതിനാല്‍ തീപാറും എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആദ്യഘട്ട മത്സരങ്ങളില്‍ അടിപതറിയെത്തി ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് തോറ്റ സണ്‍റൈസേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് പയറ്റിയ പോലെയുള്ള തന്ത്രങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സാധ്യത കൊല്‍ക്കത്തക്ക് തന്നെയെന്നാണ് ക്രിക്കറ്റ് ആരാധാകര്‍ ചൂണ്ടിക്കാട്ടുന്നത്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഹെന്ററിച്ച് ക്ലാസന്‍ സഖ്യത്തിനെ നിലക്ക് നിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഉള്ളത് മിച്ചല്‍ സ്റ്റാര്‍, സുനില്‍ നരെയ്ന്‍ സഖ്യമാണ്. അതേ സമയം ഇരുടീമുകളും മധ്യനിരയിലും ഫിനിഷിംഗിലെ പ്രഹരശേഷിയിലും ഏറെക്കുറെ ശക്തരാണ്. ഹൈദരാബാദിന് പാറ്റ് കമ്മിന്‍സും നടരാജും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ബൗളിംഗില്‍ തിളങ്ങിയാല്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. കൊല്‍ക്കത്ത ബൗളിഗ് നിരയില്‍ ഏതാണ്ട് എല്ലാവരും തീരെ മോശമല്ല. എങ്കിലും പ്ലേഓഫില്‍ സ്പിന്നര്‍മാര്‍ തിളങ്ങിയത് കമിന്‍സിനു കരുത്താകും. 2008-ല്‍ ആദ്യ എഡിഷന്‍ തുടങ്ങി നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2012 -ല്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പില്‍ മുത്തമിടുന്നത് പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയില്‍ 2014ലും അവര്‍ കപ്പ് ഉയര്‍ത്തി. ചെന്നൈ കപ്പടിച്ച 2021-ല്‍ റണ്ണര്‍ അപ് ആയി.
സണ്‍റൈസസ് ഹൈദരാബാദ് ആകട്ടെ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങളുടെ ആദ്യ കിരീടം ഐപിഎല്ലില്‍ സ്വന്തമാക്കിയത്. 2018-ല്‍ ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റു. ഇന്ത്യന്‍ വേനക്കാലങ്ങളെ കൂടി അതിജീവിച്ചാണ് പത്ത് ടീമുകളില്‍ നിന്ന് അവസാന രണ്ട് ആയി സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഫൈനല്‍ മത്സരത്തില്‍ നില്‍ക്കുന്നത്. മത്സരങ്ങളിലേറെയും രാത്രിയായിരുന്നെങ്കിലും വേനല്‍ച്ചൂട് അടക്കം വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളെയാണ് താരങ്ങള്‍ നേരിട്ടത്.