National

ഡല്‍ഹി ആശുപത്രിയിലെ തീപിടുത്തം; ഒളിവിലായിരുന്ന ആശുപത്രി ഉടമ അറസ്റ്റില്‍

Spread the love

ഡല്‍ഹി വിവേക് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആശുപത്രി ഉടമ ഡോ. നവീന്‍ കിച്ചി അറസ്റ്റില്‍. ദുരന്തത്തിന് പിന്നാലെ നവീന്‍ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. നവീനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ 304ാം വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.

നവീന്റെ ഉടമസ്ഥതയില്‍ വേറെയും ശിശു സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 336, 304 എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊാലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നിര്‍ദേശം നല്‍കി

തീപിടുത്ത ദുരന്തം ഹൃദയഭേദകമാണെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി 1000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കും. പരുക്കേറ്റ ഓരോരുത്തര്‍ക്കും 50,000 രൂപ വീതം നല്‍കും.

ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.