മദ്യനയത്തിൽ 3 യോഗം നടന്നു, ബാർ ഉടമകൾ പിരിവിന് ഇറങ്ങിയത് ഇതിന് ശേഷം, മന്ത്രിമാര്‍ പറഞ്ഞത് നുണ: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മദ്യനയത്തിൽ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്. വിഷയത്തിൽ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും ചോദിച്ച അദ്ദേഹം ടൂറിസം മന്ത്രിക്ക് എന്തായിരുന്നു തിടുക്കമെന്നും ചോദിച്ചു. മദ്യനയത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും ധനകാര്യ സമിതി യോഗവും ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മദ്യനയം മാറ്റത്തിൽ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മദ്യനയത്തിൽ നടത്തിയ യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാൻ ഇറങ്ങിയത്. സൂം മീറ്റിഗിൽ ബാർ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ? കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബാർ കോഴയിൽ നിരന്തരമായ സമരപരിപടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ബാറുകൾ വർദ്ധിപ്പിച്ചതിൽ നടന്നതും സാമ്പത്തിക താൽപര്യമാണ്. വ്യവസായ മന്ത്രി ന്യായീകരിക്കുന്നതും പച്ചക്കള്ളം പറഞ്ഞാണ്. കെ.സി.ബി.സിക്കും വിമർശനമുണ്ട്. ബാറുകൾ എണ്ണം കൂട്ടിയപ്പോൾ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യ വിഷയത്തിൽ പ്രതിപക്ഷം തണുപ്പിലാണെന്ന കെ.സി.ബി.സി വിമർശനത്തിലാണ് മറുപടി.