അബ്ദുൽ റഹീമിന്റെ മോചനം; 47 കോടി രൂപ ലഭിച്ചതായി റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൌദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 47 കോടി രൂപ ലഭിച്ചതായി റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ. ഇത് സംബന്ധിച്ച കണക്കുകൾ നാട്ടിലെ അബ്ദുൽ റഹീം സഹായ സമിതി ട്രസ്‌റ്റ് ഭാരവാഹികൾ ഉടൻ തന്നെ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അബ്ദുൽ റഹീമിന്റെ മോചനത്തിനായി നാട്ടിൽ രൂപീകരിച്ച സർവ കക്ഷി സഹായ സമിതിയുടെ മേൽ നോട്ടത്തിലാണ് 47 കോടി രൂപ സമാഹാരിച്ചത്. റഹീമിന്റെ മോചനത്തിനു ആവശ്യമായ 15 മില്യൺ റിയാലും വാദി ഭാഗം വക്കീൽ ഫീസായ ഏഴര ലക്ഷം റിയാലും എംബസിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. റിയാദ് ഗവർണറേറ്റിന്റെ നിർദേശം ലഭിച്ചാൽ കോടതിയുടെ പേരിൽ എംബസി 15 മില്യൺ റിയാൽ അഥവാ എകദേശം 34 കോടി രൂപയുടെ സർട്ടിഫൈഡ് ചെക്ക് നൽകും.
മരിച്ച സൗദി ബാലന്റെ അനന്തരവകാശികളുമായോ അല്ലെങ്കിൽ ഇവർ അധികാരപ്പെടുത്തിയ വക്കീൽ മുഖേനെയോ അനുരജ്ഞന കരാറിൽ ഒപ്പ് വെക്കുന്നതോടെ കേസിന്റെ പ്രധാന ഘട്ടം പൂർത്തിയാകും. പിന്നീട് വധ ശിക്ഷ റദ്ധ് ചെയ്യുകയും റഹീമിന്റെ മോചനത്തിനായുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കുകയും ചെയ്യും. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. റഹീം നിയമ സഹായ ഭാരവാഹികൾക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എതിരെ സൗദിയിലും നാട്ടിലും നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.