സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ’ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണ്: എ എ റഹീം
കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ വിമർശനവുമായി എ എ റഹിം എം പി. അധ്യയന വർഷം തുടങ്ങാനിരിക്കെ സ്‌കൂളുകൾ ശുചീകരിക്കുന്ന തിരക്കിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. എന്നാൽ സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ’ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് ‘പഠിക്കുകയാണ്’. നിഖിൽ പൈലിമാരെ ഉണ്ടാക്കാനാണോ കെഎസ്‌യുവിന്റെ നേതൃത്വ പഠന ക്യാമ്പ് എന്ന് കെപിസിസി ആശയക്ഷന് വ്യക്തമാക്കണമെന്നും എ എ റഹിം ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളോടൊപ്പമാണ് എ എ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നെയ്യാർ ഡാമിലെ KSU ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി. പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും നടന്ന ക്യാമ്പ്. ചില മാധ്യമങ്ങളുടെ അജണ്ട.
ഇതുവരെ അങ്ങനെയൊരു ദൃശ്യം ശ്രദ്ധയിൽപ്പെട്ടില്ല. പ്രശ്‌നങ്ങളുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ക്യാമ്പിൽ നടന്ന കാര്യങ്ങൾ പുറത്ത് ചർച്ചകൾക്ക് വഴിവെച്ചതിന് ആദ്യ നടപടിയെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.