സൗഹൃദം നടിച്ച് പൊലീസുകാരന്‍ തട്ടിയെടുത്തത് 14 ലക്ഷം രൂപ; അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി
അരൂരില്‍ സൗഹൃദം നടിച്ച് പൊലീസുകാരന്‍ പണം തട്ടിയെടുത്തെന്ന് പരാതി. അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബത്തിന്റെ ആരോപണം. കടംകൊടുത്ത 14 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ബഷീര്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാര്‍ പറയുന്നു.
അരൂര്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുമ്പോള്‍ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീര്‍ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകന്റെയും ഭാര്യയുടെയും ചികിത്സയ്‌ക്കെന്ന പേരില്‍ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തില്‍ നിന്ന് പണം കൈപ്പറ്റിയത്. കുടുംബം തകരുന്ന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പലരില്‍ നിന്നും പരാതിക്കാരെ കൊണ്ട് കടം വാങ്ങിപ്പിച്ചും ബഷീര്‍ പണം വാങ്ങി.പോലീസുകാരനായതിനാല്‍ ശമ്പളത്തില്‍ നിന്ന് പണം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാര്‍ സമീപിച്ചു. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു. 14 ലക്ഷം രൂപയാണ് പോലീസുകാരന്‍ ഒരു വര്‍ഷം കൊണ്ട് തട്ടിയെടുത്തത്.
പണം നല്‍കിയതിന്റെ ബാങ്കിംഗ് രേഖകള്‍ ഉള്‍പ്പെടെ ഐജി ക്കടക്കം പരാതി നല്‍കി. ബഷീര്‍ സസ്‌പെന്‍ഷനിലായി. എന്നിട്ടും ബഷീറിനെതിരായ പരാതിയില്‍ അരൂര്‍ പോലീസ് ഒളിച്ചു കളിച്ചു.സഹപ്രവര്‍ത്തകനോടുള്ള നിയമവിരുദ്ധമായ സ്‌നേഹം.അരൂര്‍ പോലീസ് കേസട്ടിമറിച്ചുവെങ്കിലും എറണാകുളം സൗത്ത് പോലീസ് ബഷീറിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു.പരാതിക്കാരായ കുടുംബത്തില്‍ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെടുത്തു എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബഷീര്‍ തന്നെ എഴുതി ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. എന്നിട്ടും തട്ടിച്ചെടുത്ത പണം തിരികെ നല്‍കില്ല എന്നാണ് ബഷീറിന്റെ നിലപാട്.
അരൂര്‍ പൊലീസിനെ പേടിച്ച് അരൂരില്‍ ഉണ്ടായിരുന്ന വ്യാപാരസ്ഥാപനം പോലും ഇവര്‍ക്ക് പൂട്ടേണ്ടി വന്നു. സാധാരണക്കാരെ സംരക്ഷിക്കേണ്ട ഒരു പൊലീസുകാരനില്‍ നിന്ന് ഇത്ര വലിയ തട്ടിപ്പ് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നു ഈ കുടുംബം പറയുന്നു.