National

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, സോണിയ, രാഹുൽ, അടക്കം പ്രമുഖർ വോട്ടുരേഖപ്പെടുത്തി

Spread the love

ദില്ലി : ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന , ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാൽഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖ‌ർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്.ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.