Kerala

ഡ്രൈ ഡേ വേണ്ടെന്ന തീരുമാനം നടപ്പിലാക്കില്ല; ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ

Spread the love

ബാർകോഴ വിവാദത്തിന് പിന്നാലെ ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ. ഡ്രൈ ഡേ വേണ്ടെന്ന തീരുമാനം നടപ്പിലാക്കില്ല.

വിവാദങ്ങൾക്കിടെ ബാറുകൾക്ക് ഇളവ് നൽകിയാൽ അത് ആരോപണങ്ങൾക്ക് കരുത്ത് പകരും. അതിനാൽ തൽക്കാലം നീക്കത്തിൽ നിന്നും പൂർണമായി പിൻവാങ്ങാൻ ഒരുങ്ങുകയാണ് സർക്കാർ. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നെന്നായിരുന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തൽ. ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവ് വേണമെന്നും ശുപാർശയുണ്ടായിരുന്നു. പുതിയ മദ്യനയം ചർച്ച ചെയ്യുന്നതിനായി അടുത്തമാസം വകുപ്പ് മന്ത്രി ബാറുടമകൾ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയതിന് സമാനമായ അവസ്ഥ സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തൽക്കാലം ഈ ചിന്തകൾ സർക്കാർ ഉപേക്ഷിക്കും. ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം, മദ്യനയത്തിനെതിരെ കൂടുതൽ വിമർശനങ്ങളുയി കെസിബിസി രംഗത്തെത്തി. പുതിയ മദ്യനയം സർക്കാരും അബ്കാരികളും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തുടർച്ചയെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിച്ചു.

ആരോപണത്തിൽ മന്ത്രി എം.ബി രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. പാലക്കാട് തൃത്താലയിലെ മന്ത്രിയുടെ ഓഫീസിലേക്ക് ആയിരുന്നു മാർച്ച്. ആരോപണത്തിൽ കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.