Kerala

ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിച്ചില്‍; പണം ചോദിച്ചത് ബാറുടമാ സംഘം ആസ്ഥാനത്തിന് വേണ്ടിയെന്ന് അനിമോന്‍

Spread the love

ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബാര്‍ ഉടമകളുടെ മുന്‍ സംഘടനാ നേതാവ് അനിമോന്‍. പണം ചോദിച്ചത് ബാര്‍ ഉടമകളുടെ ആസ്ഥാനത്തിനുവേണ്ടിയാണെന്നാണ് വിശദീകരണം. പണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പണം ഇടുന്നത് സംഘടനയുടെ അക്കൗണ്ടിലേക്കാണെന്നും പണം തന്നെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും അനിമോന്‍ പ്രതികരിച്ചു. ബാറുടമ സംഘം പ്രസിഡന്റ് വി സുനില്‍ കുമാറിന്റെ വാദം ന്യായീകരിച്ചാണ് അനിമോന്റെ പ്രതികരണം.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് അനിമോന്റെ വാക്കുകള്‍. കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. ബില്‍ഡിങ് ഫണ്ടില്‍ ഇടുക്കി ജില്ല സഹകരിക്കുന്നില്ല എന്നായിരുന്നു കുറ്റപ്പെടുത്തല്‍. സസ്‌പെന്റ് ചെയ്‌തെന്നു പറഞ്ഞപ്പോള്‍ ഇറങ്ങി പോയി. ആ സമയത്തെ മാനസികാവസ്ഥയില്‍ ഇട്ട ശബ്ദ സന്ദേശമെന്നും ഈ ഓഡിയോ എല്‍ഡിഎഫിനും, സര്‍ക്കാരിനും എതിരെ ആരോപണത്തിന് ഇടയാക്കിയെന്നും അനിമോന്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടത്. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നും സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയതെന്നും ശബ്ദസന്ദേശത്തിലുണ്ട്. വിവാദമായതോടെ പണപ്പിരിവിന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സംഘടനയിലെ വിഭാഗീയത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു അനിമോനെ സസ്പെന്റ് ചെയ്തിരുന്നുവെന്നും ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ പറഞ്ഞു. എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. പിന്നീട് ശബ്ദ സന്ദേശം ഡിലീറ്റ് ചെയ്യുകയും ചെയ്തു. അനിമോനെ തള്ളി ശബ്ദരേഖയില്‍ പരാമര്‍ശിച്ചിരുന്ന ഇടുക്കിയിലെ സ്പൈസ് ഗ്രോവ് ഹോട്ടല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരവിന്ദാക്ഷനും രംഗത്തെത്തി. വീണ്ടുമൊരു ബാര്‍ കോഴ വിവാദമെന്ന പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിയുമ്പോഴാണ് അനിമോന്റെ മലക്കംമറിച്ചിലും വിശദീകരണവും.