Kerala

മദ്യനയത്തിലെ ബാര്‍ കോഴ ആരോപണം അടിസ്ഥാനരഹിതം; ശബ്ദരേഖയില്‍ അന്വേഷണമുണ്ടാകും; എം വി ഗോവിന്ദന്‍

Spread the love

മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ലെന്നും മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോ സര്‍ക്കാരോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥരല്ല നയം തീരുമാനിക്കുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്. പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണവും വ്യാജമാണ്. എക്‌സൈസ് മന്ത്രി രാജിവയ്‌ക്കേണ്ടതില്ല. ഡ്രൈ ടേ പാടില്ലെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചുകൊടുത്തിട്ടില്ല. ശബ്ദരേഖ ഉള്‍പ്പെടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അന്വേഷിക്കും’. എം വി ഗോവിന്ദന്‍ പറഞ്ഞു.

മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. ഡ്രൈ ഡേ ഒഴിവാക്കിയും ബാര്‍ സമയം 11ല്‍നിന്ന് 12 വരെ ആക്കിയും ഐ.ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിച്ചും ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തിയും കേരളത്തെ മദ്യത്തില്‍ മുക്കുകയാണ് ഇടത് സര്‍ക്കാര്‍..മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് പുറത്തായ ശബ്ദരേഖയില്‍ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയില്‍ മുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പി എം എ സലാം വ്യക്തമാക്കി.

മദ്യനയ ഇളവില്‍ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്. എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന്‍ പറയുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്‍ പറയുന്നു. സഹകരിച്ചില്ലേല്‍ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്.