National

മമത സർക്കാർ സുപ്രീംകോടതിയിലേക്ക്; ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ നീക്കം

Spread the love

ദില്ലി : ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ
ബംഗാൾ സർക്കാർ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയുടെ വേനൽ അവധിക്ക് ശേഷമായിരിക്കും ഹർജി ഫയൽ ചെയ്യുക. 2010 ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. കോടതി നടപടി ബിജെപി തെരഞ്ഞെടുപ്പിൽ ആയുധമാക്കുന്നതിനിടെയാണ് സുപ്രീംകോടതിയിൽ പോകാനുള്ള സർക്കാർ നീക്കം.

കഴിഞ്ഞ ദിവസമാണ് ബംഗാളിൽ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയത്. 2010 ന് മുന്‍പ് സർക്കാർ അനുവദിച്ച ഒബിസി സർട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയുണ്ടാകും. 2010 ന് ശേഷം ഒബിസി ക്വാട്ടയിലൂടെ ജോലി ലഭിച്ചവരെ കോടതി നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

5 ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദാക്കപ്പെടുന്നത്. സർക്കാർ നടപടിക്കെതിരെ വന്ന ചില ഹർജികള്‍ പരിഗണിച്ച്, ഒബിസി സർട്ടിഫിക്കറ്റുകള്‍ നല്‍കിയത് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോടതി വിധി അംഗീകരിക്കില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍‍ർജിയുടെ പ്രതികരണം.