സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസം; ഇന്ന് 720 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
ഇന്നലെ സ്വർണത്തിന് പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. വരും ദിവസങ്ങളിലും സ്വർണത്തിന് വില കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്. FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ വഴിയൊരുക്കി. പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.