ബംഗ്ലാദേശ് എംപിയുടെ തിരോധാനം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മൂന്ന് പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ വച്ച് കാണാതായ ബംഗ്ലാദേശ് എംപി അന്‍വറുല്‍ അസിം അനാര്‍ (56) കൊല്ലപ്പെട്ടതായി പൊലീസ്. മെയ് 13 മുതലാണ് എംപിയെ കാണാതായത്. തിരോധാനം കൊലപാതകമാണെന്ന് ബംഗ്ലാദേശ് പൊലീസ് സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അവാമി ലീഗ് പാര്‍ട്ടിയുടെ എംപിയായ അന്‍വറുല്‍ അസിം മെയ് 12നാണ് കൊല്‍ക്കത്തയില്‍ ചികിത്സാ ആവശ്യത്തിനായി എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ധാക്കയില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു. കൊലപാതകം സ്ഥിരീകരിച്ച വിവരം ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസുമായി അന്വേഷണത്തിന് സഹകരിക്കുന്നുണ്ടെന്നും എംപിയുടെ കൊലപാതകം ആസൂത്രിതമാണെന്നും അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു. തിരോധാനം പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ അന്‍വറുല്‍ അസിം കൊല്ലപ്പെട്ടതാകാമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു
നോര്‍ത്ത് കൊല്‍ക്കത്തയിലെ ന്യൂ ടൗണിലെ വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് എംപിയെ കാണാതായത്. പിന്നാലെ മെയ് 18ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപാല്‍ ബിശ്വാസ് ബാരാനഗര്‍ പൊലീസിനെ പരാതിയുമായി സമീപിച്ചു. തുടര്‍ന്ന് ബാരാക്പൂര്‍ പൊലീസ് കമ്മിഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. മെയ്13 ന് ന്യൂ ടൗണ്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്‍രിലേക്ക് രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമൊപ്പം അന്‍വറുല്‍ അസിം കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അദ്ദേഹം തിരിച്ചിറങ്ങുന്നത് ദൃശ്യങ്ങളില്‍ ഇല്ല. അടുത്ത രണ്ട് ദിവസങ്ങളിലായാണ് ഇവര്‍ വീട്ടിനകത്ത് നിന്ന് ഇറങ്ങിപ്പോയത്. ഈ സമയം ബാഗുകളും ഇവരുടെ കൈവശമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തി രക്തക്കറ കണ്ടെത്തിയെങ്കിലും മൃതദേഹം കിട്ടിയിരുന്നില്ല. അനറിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളില്‍ നീക്കം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം ശുചിമുറി പ്രതികള്‍ ആസിഡ് ഒഴിച്ച് വൃത്തിയാക്കി.
സംഭവത്തില്‍ പൊലീസ് ഹണിട്രാപ്പ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളിലൊരാളാണ് മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശി പൗരനാണ്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാള്‍ മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അന്‍വറുല്‍ അസിമിന്റെ അടുത്ത സുഹൃത്തും യുഎസ് പൗരനുമായ അക്തറുസ്സമാന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായും ഇയാള്‍ പ്രതികള്‍ക്ക് അഞ്ച് കോടിയോളം രൂപ നല്‍കിയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.