Kerala

വെള്ളറടയിലെ ഗുണ്ട ആക്രമണം; സംഘത്തിലെ നാലാമനും പിടിയിലായി

Spread the love

തിരുവനന്തപുരം വെള്ളറടയിലെ ഗുണ്ട ആക്രമണത്തിൽ സംഘത്തിലെ നാലാമനും പിടിയിലായി. മലയിൻകീഴ് സ്വദേശി അഭിഷേഖിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് വെള്ളറട പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വലയിലായി.

വെള്ളറടയിലെ ആക്രമണത്തിന് ശേഷം ബാംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്നു അഭിഷേക്. ഇന്ന് പുലർച്ചെയാണ് അഭിഷേക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രഹസ്യ വിവരം ലഭിച്ച വെള്ളറട പൊലീസ് വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രതിയെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഭിഷേക്. മലയിൻകീഴ് പോലീസ് കാപ്പ ചുമത്തി നടകടത്തിയ അഭിഷേക് തിരുവനന്തപുരത്ത് തിരിച്ചെത്തിയാണ് വെള്ളറടയിൽ ആക്രമണം നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളറടയിൽ നാലംഗ ഗുണ്ട സംഘം അഴിഞ്ഞാടിയത്. കൺസ്യൂമർ ഫെഡ് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും വെള്ളറട സ്വദേശിയായ പാസ്റ്ററെ സംഘം വെട്ടി പരിക്കേൽക്കുകയും ചെയ്തിരുന്നു. സമീപത്തുള്ള വീടും സംഘം അടിച്ച് തകർത്തു. ബൈക്കും മൊബൈൽ ഫോണും സംഘം കവർന്നു. സംഘത്തിൽ ഉണ്ടായിരുന്നു 17 കാരനെ നാട്ടുകാർ സംഭവ സ്ഥലത്ത് തന്നെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അബിൻ റോയ്, അഖിൽ ലാൽ എന്നീ പ്രതികളെ കന്യാകുമാരിയിൽ ഒളിവിൽ കഴിയവേ ആണ് പിടികൂടിയത്. ഇവർ നിലവിൽ റിമാൻഡിലാണ്. അഭിഷേഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും.