World

അപ്രതീക്ഷിത നീക്കവുമായി റിഷി സുനക്; പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Spread the love

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്ന് വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം.

‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന് മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സുനക് പറഞ്ഞതിങ്ങനെ. ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കൊവിഡ് കാലത്ത് വ്യവസായങ്ങളെ അതിജീവിക്കാൻ സഹായിച്ച ഫർലോ സ്‌കീമിനെ കുറിച്ച് എടുത്ത് പറഞ്ഞു

ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദേശ സെക്രട്ടറി ഡേവിഡ് കാമറൂണിനെ അൽബാനിയയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്ന് തിരികെ വിളിച്ചതും, പ്രതിരോധ സേക്രട്ടറി ഗ്രാന്റ് ഷാപ്‌സ് കിഴക്കൻ യൂറോപ്പിലേക്കുള്ള യാത്ര മാറ്റിവച്ചതും കൂട്ടിവായിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾ, ഉടൻ തന്നെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 2025 വരെ റിഷി സുനകിന്റെ കാലാവധി അവശേഷിക്കെയാണ് നിലവിലെ തീരുമാനം.