National

പോൾ ചെയ്ത വോട്ട് കണക്കിൽ കൃത്രിമമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയമുനയിൽ; കേസ് സുപ്രീം കോടതിയിൽ

Spread the love

പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടിംഗ് കണക്ക് പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി വിവാദത്തിൽ. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വരുന്നുണ്ട്. അതിനിടെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിസർച്ച് എന്ന സർക്കാരിതര സംഘടന സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടിംഗ് കണക്ക്, പോളിംഗ് നടന്ന് 48 മണിക്കൂറിൽ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

വോട്ടിംഗ് സമയം തീരുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന പോളിംഗ് കണക്കും മണിക്കൂറുകൾക്ക് ശേഷം പുറത്തുവിടുന്ന അന്തിമ വോട്ട് കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ഹർജിയിൽ എഡിആർ ചൂണ്ടിക്കാട്ടിയത്. ഈ ഹർജിയിലാണ് പ്രതിപക്ഷ പാർട്ടികളും വലിയ അമ്പരപ്പ് പ്രകടിപ്പിക്കുന്നത്. വോട്ടെണ്ണലിൽ ഫലം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന തിരിമറിയാണോ ഇതിന് പിന്നിലെന്ന് പ്രതിപക്ഷ പാർട്ടികൾ സംശയിക്കുന്നുണ്ട്.

സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം രാംപൂർ ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം നൽകേണ്ട ഫോം 17സി വോട്ടെടുപ്പിന് ശേഷം റിട്ടേണിംഗ് ഓഫീസർ നൽകിയില്ലെന്നാണ് സുപ്രീം കോടതിയിൽ ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇതിന് പുറമെ പോൾ ചെയ്ത വോട്ടിൻ്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്.

1961 ലെ നിയമ പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് കണക്കുകൾ നിർബന്ധമായും സൂക്ഷിക്കണം. ഇതിലൊന്ന് ആകെ വോട്ടർമാരുടെ വിവരവും മറ്റൊന്ന് പോൾ ചെയ്ത വോട്ടർമാരുടെ വിവരങ്ങളുമാണ്. ഇതാണ് ഫോം 17എ യും ഫോം 17സിയും. ആദ്യത്തേതിലാണ് മണ്ഡലത്തിലെ വോട്ടർമാരുടെ വിവരങ്ങൾ സൂക്ഷിക്കുക. രണ്ടാമത്തേതിലാണ് പോൾ ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ സൂക്ഷിക്കുക. തെരഞ്ഞെടുപ്പ് നിയമം 49 (s) 2 പ്രകാരം പോളിംഗ് ഏജൻ്റുമാർക്ക് അവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഫോം 17സി നൽകേണ്ടതുമാണ്. ഈ രേഖയിൽ വോട്ടിങ് മെഷീൻ്റെ ഐഡി നമ്പർ, പോളിംഗ് സ്റ്റേഷനിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരം, ഫോം 17 എ യിലെ ആകെ വോട്ടർമാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം, വോട്ട് രേഖപ്പെടുത്താൻ തയ്യാറാകാതിരുന്നവരുടെ എണ്ണം, വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നവരുടെ എണ്ണം, ആകെ ടെസ്റ്റ് വോട്ടുകൾ എന്നിവയും ഈ ഫോം 17സിയിൽ ഉൾപ്പെടുന്നതാണ്. ഇതിൻ്റെ തന്നെ രണ്ടാം ഭാഗത്തിൽ തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കണം

എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പിന് ശേഷം വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ശതമാന കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതും. 2019 ലെ തെരഞ്ഞെടുപ്പിൽ എല്ലാ വിവരങ്ങളും കൃത്യമായി വെളിപ്പെടുത്തിയിരുന്നു. ഇക്കുറി ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ഈ ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. രണ്ടാം ഘട്ടം കഴിഞ്ഞ ഈ വിവരം പുറത്തുവിടാൻ നാല് ദിവസം സമയമെടുത്തു.

ഈ വിഷയത്തിൽ ഇന്ത്യ മുന്നണി നേതാക്കൾക്ക് എഴുതിയ കത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത അദ്ദേഹം കത്തിൽ ചോദ്യം ചെയ്തിരുന്നു. ഫോം 17സി എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 19 ന് രാത്രി ഏഴ് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 60% വോട്ടാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 26 ന് രണ്ടാം ഘട്ടം കഴിഞ്ഞ രാത്രി 60.96 ശതമാനം വോട്ടെന്ന കണക്ക് ആദ്യം പുറത്തുവിട്ടു. എന്നാൽ പിന്നീട് അന്തിമ കണക്ക് പുറത്തുവന്നപ്പോൾ ഒന്നാം ഘട്ടത്തിലെ ആകെ പോളിംഗ് 66.14 ശതമാനവും രണ്ടാം ഘട്ടത്തിലേക് 66.71 ശതമാനവുമായി മാറി. മെയ് 17 ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്തുകൊണ്ടാണ് വിവരങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ കൃത്യമായി പുറത്തുവിടാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബലും രംഗത്ത് വന്നിട്ടുണ്ട്. വിവരങ്ങൾ കൃത്യമായി പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വാദങ്ങളെയെല്ലാം തള്ളുന്നു. ആദ്യ രണ്ട് ഘട്ടത്തിലും 5-6 ശതമാനം പോളിംഗിൽ വർധനവുണ്ടായെന്നും ഇക്കാര്യം കൃത്യമായി തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവിട്ടിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. സുപ്രീം കോടതി നാളെ കേസ് പരിഗണിക്കുമ്പോൾ ശക്തമായ വാദപ്രതിവാദം ഈ കേസിൽ നടക്കുമെന്നാണ് കരുതുന്നത്.