പാലക്കാട് വനംവകുപ്പ് പിടികൂടിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം : പോസ്റ്റുമോർട്ടം റിപ്പോർട്ട്
പാലക്കാട് വനംവകുപ്പ് പിടികൂടിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ ഏറെ നേരം കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായി എന്നാണ് കണ്ടെത്തൽ. അതേസമയം പുലി കമ്പിവേലിയിൽ കുടുങ്ങിയതിന് സ്ഥലമുടമക്കെതിരെ കേസെടുത്തതിൽ വിമർശനവും ഉയരുന്നുണ്ട്.
പുലി ചത്തതിന് പിന്നാലെ ആന്തരിക രക്തസ്രാവം മരണത്തിന് കാരണമായി എന്ന് വനം വകുപ്പ് വിശദീകരിച്ചിരുന്നു . ഇതുതന്നെയാണ് പോസ്റ്റ്‌മോർട്ടത്തിലും തെളിഞ്ഞത് . കമ്പിവേലിയിൽ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെടാൻ പരിശ്രമിച്ചു . ഇത് കുരുക്കു മുറുകാൻ കാരണമായി.ഇതോടെ ആന്തരിക രക്തസ്രാവം സംഭവിച്ചു . തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്,മയക്കുവെടി പുലിയുടെ ശരീരത്തിൽ പ്രതികൂലമായി ബാധിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല,അതേസമയം പുലിയെ രക്ഷപ്പെടുത്താൻ കാലതാമസം സംഭവിച്ചു എന്ന ആക്ഷേപവും ശക്തമാണ് ,ആറുമണിക്കൂറിൽ അധികമാണ് പുലി കമ്പിവേലിയിൽ കുരുങ്ങി കിടന്നത് . ഈ സമയം അത്രയും പുലി സ്വയം രക്ഷപ്പെടാൻ ശ്രമിച്ചത് കുരുക്ക് കൂടുതൽ മുറുകാൻ കാരണമായതായാണ് ആരോപണം . അതിനിടെ പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവത്തിൽ സ്ഥലം ഉടമയ്‌ക്കെതിരെ കേസെടുത്തതിൽ നാട്ടുകാരും പ്രതിഷേധിച്ചു . സ്ഥലം ഉടമയുടെ അറിവോടെയല്ല കെണിവെച്ചതെന്നാണ് കർഷക സംരക്ഷണ സമിതി പറയുന്നത്.
കേസുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.