Kerala

പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷൻ വകുപ്പ്

Spread the love

പെരിയാറിലെ മത്സ്യക്കുരുതിയിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ. വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട്. സംഭവത്തിൽ വിവിധ വിഭാഗങ്ങളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്.

മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ ഇറിഗേഷൻ വകുപ്പാണ് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്. മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ന്യായീകരണം. എന്നാൽ ഷട്ടറുകൾ തുറക്കും മുന്നേ മീനുകൾ ചത്തുപൊങ്ങിയിരുന്നതായി ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവരം നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായില്ല. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നും രാസമാലിന്യം ഒഴുക്കി വിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇറിഗേഷൻ വകുപ്പ് കളക്ടറെ അറിയിച്ചു. അതേസമയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെയുടെ നേതൃത്വത്തിലുള്ള സംഘം പെരിയാറിൽ പരിശോധന നടത്തി.

മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും യോഗം നാളെ സബ് കളക്ടറുടെ ഓഫീസിൽ ചേരും. കുഫോസിലെ വിദഗ്ധരുടെ സംഘവും പെരിയാറിൽ പരിശോധന നടത്തുന്നുണ്ട്.