National

ബംഗ്ലാദേശ് എം.പി കൊൽക്കത്തയിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

Spread the love

ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുൺ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയാണ്. അന്വേഷണത്തിൽ കൊൽക്കത്ത പോലീസ് എല്ലാവിവരങ്ങളും നൽകി സഹകരിക്കുന്നുണ്ടെന്നും റാഷിദ് പറഞ്ഞു.

മേയ് 12-നാണ് അസിം അനാർ എം.പി. കൊൽക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എം.പി.യെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടർന്ന് ബിശ്വാസ് പോലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂടൗണിലുള്ള ഒരു ഫ്ളാറ്റിൽ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തെപ്പറ്റിയോ മൃതദേഹം എവിടെയുണ്ട് എന്നതിനെപ്പറ്റിയോ കൊൽക്കത്ത പോലീസ് പ്രതികരിച്ചിട്ടില്ല.