National

പൂനെയിൽ മദ്യലഹരിയിൽ രണ്ട് പേരെ കാറിടിച്ച് കൊന്ന 17കാരൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരായി

Spread the love

പൂനെയിൽ മദ്യലഹരിയിൽ രണ്ട് പേരെ കാറിടിച്ച് കൊന്ന 17 കാരൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ വീണ്ടും ഹാജരായി. പ്രതിയുടെ ജാമ്യം പുനഃ പരിശോധിക്കണമെന്ന പൊലീസിന്റെ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കുകയാണ്. പ്രതിക്ക് ആഢംബരകാർ നൽകിയ അച്ഛനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അതിസമ്പന്നനായ ബിൽഡറുടെ മകനാണ് പ്രതി. പേര് വേദാന്ത് അഗർവാൾ. പബ്ബിലെ പാതിരാ പാർട്ടികഴിഞ്ഞ് ലഹരിയുടെ ആലസ്യത്തിൽ ആഡംബരകാറിൽ കുതിച്ചതാണ്. നിരപരാധികളായ രണ്ട് ടെക്കികളുടെ ജീവനെടുക്കാനുള്ള മരണപ്പാച്ചിൽ. വണ്ടി ഓടിച്ചത് പതിനേഴ്കാരൻ അല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ആദ്യം നടന്നു. സിസിടിവി ദൃശ്യങ്ങൾ വന്നതോടെ ആ വാദം പൊളിഞ്ഞു. പ്രതി മദ്യപിച്ചില്ലെന്നാണ് ഡോക്ടറുടെ സാക്ഷ്യം. സംഭവ ദിനം പബ്ബിലെ ദൃശ്യങ്ങൾ വന്നതോടെ ആ നുണയും പൊളിഞ്ഞു. സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ ജാമ്യം നൽകികൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ വ്യവസ്ഥകളും വൻ ജനരോഷഷമുയർത്തി. അപകടത്തെക്കുറിച്ച് ഉപന്യാസം, 15 ദിനം ട്രാഫിക് പൊലീസിനെ സഹായിക്കൽ, തുടങ്ങി ലഘു വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരുന്നത്.

18 തികയാൻ 4 മാസം മാത്രം ശേഷിക്കുന്ന പ്രതിയെ കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് മുതിർന്ന പൗരനായി പരിഗണിക്കണമെന്ന വാദവും ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളുകയായിരുന്നു. പിന്നാലെ രാഹുൽ ഗാന്ധിയടക്കമുള്ളവർ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വിമർശനവുമായി രംഗത്തെത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിനെ വിമർശിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരിച്ചു. ജാമ്യം പുനപരിശോധിക്കണമെന്ന പൊലീസിന്റെ അപേക്ഷയിലാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിയെ വീണ്ടും വരുത്തിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് മദ്യം നൽകിയതിന് പബ്ബ് ഉടമയെയും അറസ്റ്റ് ചെയ്തു. ഈ പബ്ബ് എക്‌സ്സൈസ് വകുപ്പ് സീൽ ചെയ്തിരുന്നു. അനധികൃതമായി പ്രവർത്തിച്ച പബ്ബുകൾ പൂനെ കോർപ്പറേഷൻ ഇന്ന് ഇടിച്ച് നിരത്തി.