വാക്കുകളിൽ ശ്രദ്ധവേണം, മര്യാദയും’, താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നൽകണം; നദ്ദയോടും ഖർഗയോടും തെര. കമ്മീഷൻ
ദില്ലി: താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബി ജെ പി – കോൺഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. താര പ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദ്ദേശം നൽകണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നൽകണമെന്നാണ് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
മോദിയുടെയും രാഹുലിന്‍റെയും പേര് പരാമർശിക്കാതെയാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ബി ജെ പിക്ക് ഉത്തരവാദിത്തം കൂടുതൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നദ്ദക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിനില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് അധ്യക്ഷനോട് കമ്മീഷൻ ചൂണ്ടികാട്ടിയത്.