അവയവക്കടത്ത് കേസ്; സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ; സബിത്തിന്റെ കൈവശം നാല് പാസ്പോർട്ടുകൾ
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ പിടിയലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാർ ഉണ്ട് അവരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടർ ആണെന്നാണ് സബിത്തിന്റെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. താൻ ആ ഡോക്ടറെ കണ്ടിട്ടില്ലെന്ന് സബിത് പറയുന്നു.
പ്രതിക്ക് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരിൽ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കൾ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.സബിത്തിനെ കസ്റ്റഡിയിൽ ലഭിച്ചശേഷമായിരിക്കുംസുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോൾ നിരീക്ഷിച്ച് വരികയാണ്. പ്രതിയിൽ നിന്ന് നാല് പാസ്പോർട്ട് പൊലീസ് കണ്ടെത്തി. പ്രതിയുടെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കേസ് എൻഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ട്. കേസിനായി എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.