സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി ശിവൻകുട്ടി
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും ഇനി 10 റോഡുകൾ ആണുള്ളത് എന്നും അത് 90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു
തലസ്ഥാന നഗരിയിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കാര്യങ്ങൾ വലുതായി കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് തുടർച്ചയായി പെയ്യുന്ന മഴയിൽ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാൻ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
മാർച്ച് 31, ഏപ്രിൽ 30 അങ്ങനെ പല തിയ്യതികൾ പറഞ്ഞെങ്കിലും പണി ഇപ്പോഴും ഇഴയുകയാണ്. നഗരത്തിലെ പ്രധാന റോഡുകളായ ആൽത്തറ – ചെന്തിട്ട റോഡ്, കിള്ളിപ്പാലം – അട്ടക്കുളങ്ങര, ജനറൽ ആശുപത്രി- വഞ്ചിയൂർ തൈവിള, സഹോദര സമാജം റോഡ് തുടങ്ങിയവ ഇപ്പോഴും കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ സ്ഥലത്തും ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. സ്റ്റാച്യു- ജനറൽ ആശുപത്രി റോഡ് അടക്കം തുറന്ന് കൊടുത്തെങ്കിലും പണികൾ തീരാത്തത് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുള്ളത്.