Kerala

മദ്യവരുമാനം കുറയുന്നു; ഒന്നാം തിയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും

Spread the love

സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. വരുമാനത്തില്‍ ഇടിവുണ്ടായതും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് തീരുമാനത്തിന് പിന്നില്‍. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്തെ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണ്. ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയുന്നതും ടൂറിസം മേഖലയിലുണ്ടാകുന്ന തിരിച്ചടിയുമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

മദ്യ വരുമാനം കുറഞ്ഞുവെന്ന് പറയുമ്പോഴും ക്രിസ്മസ് – പുതുവത്സര സമയത്ത് വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്. ഡിസംബറില്‍ ആകെ വിറ്റത് 94 കോടി രൂപയുടെ മദ്യം. അതില്‍ 90 ശതമാനവുംഖജനാവിലെത്തിയിട്ടുണ്ട്. മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു മാസത്തെ മദ്യത്തില്‍ നിന്നുള്ള വരുമാനമാണിത്. ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടായെന്ന ന്യായമാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. വര്‍ഷത്തിലെ 12 ദിവസം മദ്യം വില്‍ക്കാതിരുന്നാല്‍ സര്‍ക്കാരിന് നഷ്ടമാകുന്ന ലക്ഷങ്ങളുടെ കണക്കുമുണ്ട് അതിന് പിന്നില്‍. മാര്‍ച്ചില്‍ തന്നെ ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ചര്‍ച്ച ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ശേഷമാകും എക്‌സൈസ് വകുപ്പിന് തീരുമാനം സംബന്ധിച്ച് നിര്‍ദേശമുണ്ടാകുക.