കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി; ലഭിച്ചത് ഊഷ്മള വരവേല്പ്
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കരിപ്പൂരിൽ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം സൌദിയിൽ എത്തിയത്.
166 തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തി. പെട്ടെന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീർഥാടകർ ബസ് മാർഗം മക്കയിലേക്ക് പോയി. മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് തീർഥാടകർക്ക് ലഭിച്ചത്. ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികൾ പൂക്കളും മധുരവും നല്കി തീർഥാടകരെ സ്വീകരിച്ചു. മലയാളീ സന്നദ്ധ സംഘടനകൾ പാട്ടുപാടിയും വെൽക്കം കിറ്റുകൾ വിതരണം ചെയ്തും തീർഥാടകരെ സ്വീകരിച്ചു. ഏറെനാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തീർഥാടകർ.
കെ.എം.സി.സി, ഐ.സി.എഫ്-ആർ.എസ്.സി, ഓ.ഐ.സി.സി, വിഖായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധസംഘടനകൾ വനിതകൾ ഉൾപ്പെടെയുള്ള വളണ്ടിയർമാരുമായി മക്കയിൽ സേവന രംഗത്തുണ്ട്. 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം കേരളത്തിൽ നിന്നും മക്കയിൽ എത്തിയത്.