‘ഞാൻ RSS അംഗമായിരുന്നു; സംഘടനയിലേക്ക് തിരിച്ചുപോകാൻ തയാർ’; വിരമിക്കൽ പ്രസംഗത്തിൽ കൽക്കത്ത ഹൈക്കോടതി ജഡ്ജി
ആർഎസ്എസിൽ അംഗമായിരുന്നെന്ന് കൽക്കത്ത ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്. വിരമിക്കൽ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘടനയിലേക്ക് തിരികെ പോകാൻ തയാറാണെന്ന് അദ്ദേഹം വിരമിക്കൽ പ്രസംഗത്തിൽ പറഞ്ഞു. മറ്റുള്ള ജഡ്ജിമാരുടെയും ബാർ അസോസിയേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.
14 വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് വിരമിക്കുന്നത്. ഒറീസ ഹൈക്കോടതിയിൽ നിന്നാണ് ചിത്തരഞ്ജൻ ദാസ് കൽക്കത്ത ഹൈക്കോടതിയിലേക്ക് എത്തിയത്. താൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ചെറുപ്പം തൊട്ട് സംഘടനയോടൊപ്പമായിരുന്നെന്നും ചിത്തരഞ്ജൻ ദാസ് പറയുന്നു.
ധൈര്യവും നേരുള്ളവനും മറ്റുള്ളവരോട് തുല്യ വീക്ഷണവും പുലർത്താനും എല്ലാത്തിനുമുപരിയായി രാജ്യസ്‌നേഹവും ജോലിയോടുള്ള പ്രതിബദ്ധതയും ഉള്ളവനായിരിക്കാൻ സംഘടനയിൽ നിന്ന് പഠിച്ചെന്ന് അദ്ദേഹം പറഞ്ഞു. 37 വർഷത്തോളം സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് വിരമിക്കൽ പ്രസംഗത്തിൽ പറയുന്നു. ബിജെപിയെന്നോ, കമ്മ്യൂണിസ്റ്റ് എന്നോ തൃണമൂൽ കോൺഗ്രസ് എന്നോ ഇല്ലാതെ തുല്യതയോടെയാണ താൻ പെരുമാറിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു
തന്റി കരിയറിന്റെ വളർച്ചയ്ക്കായി ആർഎസ്എസിലെ അംഗത്വം ഉപയോഗിച്ചിട്ടില്ലെന്നും അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ദാസ് 2022 ജൂൺ 20-നാണ് കൽക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.