National

അവയവക്കടത്ത് കേസ്; 3 വർഷത്തിനിടക്ക് സബിത്ത് 200ലധികം ആളുകളെ ഇറാനിലെത്തിച്ചു; ഒരാളെ എത്തിക്കുമ്പോൾ ലഭിക്കുന്നത് 60 ലക്ഷം

Spread the love

അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവയവക്കടത്തിൽ കൂടുതൽ‌ വിവരങ്ങൾ‌ പുറത്ത്. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഒരാളെ എത്തിക്കുമ്പോൾ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നൽകിയ ആൾക്ക് 10 ലക്ഷം രൂപയും നൽകി.

വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. അവയക്കടത്തിനായി കൊണ്ടു പോയവരിൽ ചിലർ ഇറാനിൽ വെച്ച് മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

കാസർ​ഗോഡ് ജില്ലയിൽ നിന്നാണ് കൊച്ചിക്ക് പുറമേ കൂടുതൽ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ വെച്ച് സബിത്തിനെ അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ നിന്ന് അവയവക്കടത്തിനായി സംഘം ഇറാനിലേക്ക് കൊണ്ടുപോയതായുള്ള വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സബിത്തിനെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും.

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവർന്ന ശേഷം തുഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയുമാണ് ചെയ്തിരുന്നത്.