Kerala

ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനെടുക്കുന്ന കേന്ദ്രമായി, സര്‍ക്കാരിനൊരു കുലുക്കവുമില്ല, ആരോഗ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നുപോലുമില്ല: കെ സി വേണുഗോപാല്‍

Spread the love

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി കെ സി വേണുഗോപാല്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആളുകളെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ജീവനടുക്കുന്ന കേന്ദ്രമായി മാറി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകണം. നടപടിയെടുക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 വയസുകാരിയുടെ മരണം ആലപ്പുഴ മെഡിക്കല്‍ കോളജിലെ അനാസ്ഥ മൂലമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ വിമര്‍ശനം.

ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ എല്ലാം അഡ്ജസ്റ്റ്‌മെന്റാണെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പരസ്പരം രക്ഷിച്ചെടുക്കലാണ് റിപ്പോര്‍ട്ടുകളുടെ ലക്ഷ്യം. ആശുപത്രിയില്‍ നിന്നാണ് ഇന്‍ഫെക്ഷന്‍ രോഗികള്‍ക്ക് ലഭിക്കുന്നത്. ഇത്രയും വലിയ സംഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചില്ല. എന്തുണ്ടായാലും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ല. രോഗം ഗുരുതരം ആകുമ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉത്തരവാദിത്തപ്പെട്ട സീനിയര്‍ ഡോക്ടര്‍മാരില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ആലപ്പുഴ പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന് നേരെയുള്ള കെ സിയുടെ വിമര്‍ശനങ്ങള്‍. 29 ദിവസങ്ങള്‍ക്കു മുന്‍പാണ് ഉമൈബയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ചു ആശുപത്രിയിലെത്തിച്ച ഉമൈബയുടെ അസുഖം മൂര്‍ച്ഛിച്ചു. ഗുരുതരാവസ്ഥയിലായ ഉമൈബയെ ചൊവ്വാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകിട്ടോടെ മരിച്ചു.ന്യൂമോണിയ മൂര്‍ച്ഛിച്ചതാണ് മരണം കാരണം. ആശുപത്രിയില്‍ വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥലായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ ആകോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.