Kerala

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

Spread the love

കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാർക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളിൽ മേയർ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാർക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയർ സന്ദർശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളിൽ മേയർ സന്ദർശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാൾ സ്ട്രീറ്റ് മേയർ സന്ദർശിച്ചില്ല. വ്യാപാരികളും നാട്ടുകാരും അവിടെ പ്രതിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മേയർ പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ തത്കാലം വരുന്നില്ല എന്നായിരുന്നു മേയറുടെ മറുപടി.

മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയില്‍ മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.
ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്‍ന്നാണ് വെള്ളക്കെട്ട് തീര്‍ത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ വര്‍ഷവും മഴ പെയ്താല്‍ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകി. എൻഡിആർഎഫിന്‍റെ രണ്ടു ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.