National

‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും’; രാഹുല്‍ ഗാന്ധി

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എഎപിക്കും അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുമെന്നാണ് രാഹുലിന്റെ പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അതുകൊണ്ടാണ് താന്‍ എഎപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി.

കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും’. ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

റാലിയില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിന്റെ വിഷന്‍ ഡോക്യുമെന്റും രാഹുല്‍ ഗാന്ധി പുറത്തിറക്കി.
ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെയും പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ റാലിയില്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ വെല്ലുവിളിക്കുകയാണ്. വെല്ലുവിളിച്ചാലും മോദി താനുമായി സംവാദത്തിന് വരില്ലെന്നറിയാം. ചങ്ങാത്ത മുതലാളിത്തം, പണപ്പെരുപ്പം, തൊഴില്‍ ഇല്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദിയുമായി തനിക്ക് സംവാദം നടത്താനുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.